ആരോഗ്യസംരക്ഷണത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് കറുത്ത അരി. പണ്ടുകാലത്ത് ചൈനയിലെ രാജകുടുംബങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്നുവെന്ന വിശ്വാസം മൂലം ഇത് ‘ഫോർബിഡൻ റൈസ്’ എന്ന പേരിലും അറിയപ്പെടുന്നു. മണിപ്പൂർ, അസം, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമായും വിളയുന്ന ഈ അരി അതിന്റെ ഔഷധഗുണങ്ങൾ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇതിന്റെ ഗുണങ്ങൾ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ‘സൂപ്പർ ഫുഡ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. മറ്റ് അരിവർഗ്ഗങ്ങളെ അപേക്ഷിച്ച് കറുത്ത അല്ലെങ്കിൽ കടും പർപ്പിൾ നിറം നൽകുന്നത് ആന്തോസയാനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് കാഴ്ചയിൽ മാത്രമല്ല, പോഷകഗുണങ്ങളിലും മുൻപന്തിയിലാണ്. പ്രധാന ഗുണങ്ങൾ: ആന്റിഓക്‌സിഡന്റുകൾ സമൃദ്ധമായി അടങ്ങിയതിനാൽ ഹൃദ്രോഗം, അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. രക്തത്തിലെ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്ത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകൾ കൂടുതലായതിനാൽ വിശപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച നിയന്ത്രിച്ച് പ്രമേഹ നിയന്ത്രണത്തിനും ദഹനത്തിനും സഹായകമാണ്. പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്: സാധാരണ അരിയെക്കാൾ കൂടുതൽ സമയം വേണ്ടിവരും. അരിയും വെള്ളവും ചേർത്ത് പാത്രം മൂടി ചെറിയ തീയിൽ 30–35 മിനിറ്റ് വേവിക്കുക. വെള്ളം പൂർണ്ണമായി വറ്റിയതിന് ശേഷം തീ അണച്ച് 5 മിനിറ്റ് മൂടിവെച്ച് ഉപയോഗിക്കുക.